കൊച്ചിയിലെ മോഡലുകൾ മരിച്ച ദിവസം ഹോട്ടലിലുണ്ടായിരുന്നത് 5 കോടിയുടെ ലഹരിമരുന്നെന്ന് അന്വേഷണ സംഘം

കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇവർ അപകടത്തിൽ പെട്ട് മരിച്ച ദിവസം ഫോർട്ട് കൊച്ചി നന്പർ 18 ഹോട്ടലിൽ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകൾ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം.
ലഹരി ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള സൈജു തങ്കച്ചൻ തന്നെയാകും ഇത് ഹോട്ടലിൽ എത്തിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. മോഡലുകളുടെ മരണത്തിന് പിന്നാലെ കൊച്ചി നഗരത്തെ രാത്രി കാലങ്ങളിൽ ഭരിക്കുന്ന നിശാ പാർട്ടികളും ലഹരി പാർട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം സൈജു തങ്കച്ചൻ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ ചൂതാട്ടം ഉൾപ്പെടെ നിരവധി അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.