മുതുകാട് പ്രതിഫലം വാങ്ങിയുളള ജാലവിദ്യ നിർ‍ത്തുന്നു


തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുളള ജാലവിദ്യ നിർ‍ത്തുന്നു. കഴിഞ്ഞ 45 വർ‍ഷമായി ജാലവിദ്യാ മേഖലയിൽ‍ പ്രവർ‍ത്തിക്കുന്ന ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയാണ് മാജിക്ക് ഷോകൾ‍ ചെയ്തിരുന്നത്. എന്നാൽ‍ ഇനി മുതൽ‍ താൻ‍ പ്രതിഫലം വാങ്ങില്ലെന്നും തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾ‍ക്കായി മാറ്റിവെയ്ക്കാൻ പോകുകയാണെന്നു അദ്‌ദേഹം വ്യക്തമാക്കി.

ഒരു മാജിക് ഷോ പൂർ‍ണ്ണതയിലെത്താൻ നീണ്ട പരിശ്രമവും ഗവേഷണവും വേണം. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് ഇനിയെന്നും അതിനാൽ‍ രണ്ടും കൂടെ ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കില്ലാത്തതിനാലാണ് മാജിക്ക് ഷോ നിർ‍ത്തുന്നത്. പ്രൊഫഷണൽ‍ ഷോകൾ‍ ഇനി നടത്തില്ല. പണം വാങ്ങി അനവധി ഷോകൾ‍ ചെയ്തിരുന്നു എന്നാൽ‍ ഇനി പൂർ‍ണ്ണമായും നിർ‍ത്തുകയാണ്. തന്റെ വലിയ സ്വപ്‌നമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ‍ക്കു വേണ്ടി അന്താരാഷ്ട്ര നിലവാരത്തിൽ‍ സർ‍വകലാശാല സ്ഥാപിക്കണം, അവർ‍ക്കു വേണ്ടി സ്‌പോർ‍ട്‌സ് കോംപ്ലക്‌സ്, സ്‌കിൽ‍ സെന്റർ‍ എന്നിവയെല്ലാം സ്ഥാപിക്കണമെന്ന് അദ്‌ദേഹം ഒരു ഓൺലൈൻ ചാനലിനു നൽ‍കിയ അഭിമുഖത്തിൽ‍ പറഞ്ഞു.

മജീഷ്യൻ എന്നതിനപ്പുറം കാരുണ്യ പ്രവർ‍ത്തനങ്ങളിൽ‍ മുന്‍നിരയിൽ‍ നിൽ‍ക്കുന്ന അദ്ദേഹം സമൂഹത്തിനു സുപരിചിതനാണ്. ജാലവിദ്യ തട്ടിപ്പിനായി ഉപയോഗിക്കുന്നവർ‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട് അദ്‌ദേഹം. ഏഷ്യയിലെ ആദ്യ മാജിക്ക് തീം പാർ‍ക്കും മ്യൂസിയവുമായ മാജിക്ക് പ്ലാനറ്റിന്റെ സ്ഥാപകൻ കൂടിയാണ് അദ്‌ദേഹം. മാജിക്ക് പ്ലാനെറ്റിന്റെ ആഭിമുഖ്യത്തിൽ‍ സമൂഹത്തിലെ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി അനേകം പ്രവർ‍ത്തനങ്ങൾ‍ ചെയ്തിട്ടുണ്ട്.

You might also like

Most Viewed