പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ‍ മുഹമ്മദ് അന്തരിച്ചു


കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ‍ മുഹമ്മദ് (75) അന്തരിച്ചു.വാർ‍ധക്യ സഹചമായ അസുഖങ്ങളെ തുടർ‍ന്ന് ചികിൽ‍സയിലിരിക്കെ കണ്ണൂർ‍ മുഴപ്പിലങ്ങാട്ടെ വീട്ടിൽ‍ ഇന്ന് പുലർ‍ച്ചെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീർ‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ‍ വലിയ പങ്കുവഹിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ‍ ഈണമിട്ടതും പാടിയതും പീർ‍ മുഹമ്മദാണ്. മലയാളികൾ‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളിൽ‍ പലതും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും മുഹമ്മദിനെ ശ്രദ്ധേയനാക്കി. ജനനം കൊണ്ട് തമിഴ്നാട് തെങ്കാശിക്കാരനാണ്. 1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് ജനനം. തെങ്കാശിക്കാരിയായ ബൽ‍ക്കീസാണ് മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്. നാലായിരത്തോളം ഗാനങ്ങളിൽ‍ ഗായകനായും സംഗീതം നൽ‍കിയും പീർ‍മുഹമ്മദിന്റെ പ്രതിഭ പതിഞ്ഞു. തായത്തങ്ങാടി താലിമുൽ‍ അവാം മദ്രസ യു.പി സ്‌കൂൾ‍, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ‍, മുബാറക് ഹൈസ്‌കൂൾ‍ എന്നിവിടങ്ങളിലായി പഠനം. നാൽ അഞ്ച് ക്ലാസുകളിൽ‍ പഠിക്കുന്പോൾ‍ കവിതകൾ‍ ചൊല്ലിക്കൊണ്ടായിരുന്നു തുടക്കം. തളിപ്പറന്പ് സർ‍ സയ്യിദ് കോളേജിൽ‍ നിന്നും ബിരുദവും അദ്ദേഹം സ്വന്തമാക്കി. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകൾ‍ സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികൾ‍ അവതരിപ്പിച്ചിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തിൽ‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീർ‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed