ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു


പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് കുഴഞ്ഞ് വീണത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുന്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് മലന്പുഴ നിയോജക മണ്ഡലത്തിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് ആറുമണി വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി അതേ നാണയത്തിൽ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

You might also like

  • Straight Forward

Most Viewed