റേഷൻ മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടി

കോട്ടയം: ഇന്ധന പാചകവാതക വിലയുടെ വർധനയ്ക്കു പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വിലയും കൂട്ടി. ഒറ്റയടിക്ക് എട്ടുരൂപയാണ് ലിറ്ററിന് കുത്തനേ കൂട്ടിയത്. ഇതോടെ 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില 55 ആയി ഉയർന്നു. മൊത്തവ്യാപര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം മൂന്നു മുതൽ പുതിക്കിയ വലിയായിരിക്കും ഈടാക്കുക. അതേസമയം, രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. ഇന്ന് പെട്രോളിന് 48 പൈസയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വൻ വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായത്. ഒരു മാസത്തിനിടെ പെട്രോളിന് 8.88 രൂപയാണ് കൂടിയത്. ഡീസലിന് 9.43 രൂപയും വർദ്ധിച്ചു.
കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന്110.38 രൂപയാണ്. ഡീസലിന് 103.69 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 112.20 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 110.47 രൂപയും ഡീസലിന് 103.92 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.