മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. 2019 ലെ മിസ് കേരള അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) ആണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് കരുതുന്നത്. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്.
ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികർ കൊച്ചിയിൽനിന്ന് ചാലക്കുടിയിലേക്കു മടങ്ങുകയായിരുന്നു.