മേയർക്കെതിരായ പരാമർശത്തിൽ മുരളീധരനെതിരേ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയതിൽ കെ. മുരളീധരൻ എംപിക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമോപദേശം ലഭിച്ചശേഷമാണ് എംപിക്കെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. അധിക്ഷേപ പരാമർശം നടത്തിയതിൽ കെ. മുരളീധരൻ രാവിലെ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്‍റെ പരാമർശം ആര്യയ്ക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുന്നത് ദുരഭിമാനമായി കാണുന്നില്ല. തന്‍റേത് നാക്കുപിഴയല്ലെന്നും മുരളീധരൻ പറഞ്ഞു. സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന പരാമർശമാണ് മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയത്. കോർപറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളീധരന്‍റെ ഈ പരാമർശം.