സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: വനിതാ കമ്മീഷന്‍ അധ്യക്ഷ



സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു. പാലാ സെന്‍റ് തോമസ് കോളേജ് ക്യാംപസില്‍ സഹപാഠിയുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഇത്തരം പ്രവണ വര്‍ധിക്കുന്നത് എന്താണെന്ന് പഠിക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുന്നത് ഇത്തരം പ്രവണതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ നിരീക്ഷിച്ചു. കേസ് അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നു വനിതാ കമ്മീഷൻ വ്യക്തമാക്കി.

You might also like

Most Viewed