സഹപാഠിയായ വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം; പ്രതിയെ കോളേജ് കാന്പസിൽ എത്തിച്ച് തെളിവെടുത്തു

പാലാ: സെന്‍റ് തോമസ് കോളേജ് കാന്പസിൽ സഹപാഠിയായ വിദ്യാർഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കോളജ് കാന്പസിൽ എത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിയുമായി പോലീസ് കാന്പസിൽ എത്തിയത്. കൊലപാതകം നടന്ന സ്ഥലത്തും നടത്തിയ രീതിയും പ്രതി പോലീസിന് മുന്നിൽ വിശദീകരിച്ചു. ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ പെരുമാറിയ പ്രതി പോലീസുമായി സഹകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കോളജിൽ തെളിവെടുപ്പിന് എത്തിച്ചത്. വൻ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.25 ഓടെയാണ് സംഭവം നടന്നത്.
തലയോലപ്പറന്പ് കളപ്പുരയ്ക്കൽ നിതിനമോൾ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പാണിപുത്തൻപുര അഭിഷേക് ബൈജുവാണ് (20) പോലീസ് പിടിയിലായത്. ഇരുവരും പാലാ സെന്‍റ് തോമസ് കോളജിലെ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളാണ്. ദീർഘകാലമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതി അഭിഷേകിന്‍റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതാണ് കൊലപാതകത്തിന് പ്രേരണയായത്.
വെള്ളിയാഴ്ച അവസാന സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു. രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. എന്നാൽ, രാവിലെ ആറിനുതന്നെ പ്രതി കോളേജിൽ എത്തി. പരീക്ഷാ ഹാളിൽനിന്നു വളരെ നേരത്തേ പുറത്തിറങ്ങുകയും ചെയ്തു. പെൺകുട്ടി പരീക്ഷാഹാളിൽനിന്നു പുറത്തിറങ്ങുന്നത് കാത്തിരുന്ന പ്രതി പരീക്ഷാഹാളിനും കോളേജ് ഗേറ്റിനും മധ്യേ പെൺകുട്ടിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടിയെ കഴുത്തിനു പിടിച്ച് നിലത്ത് അമർത്തുകയും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തുകയുമായിരുന്നു. രക്തധമനികൾ പൊട്ടി രക്തവാർന്നാണ് പെൺകുട്ടി മരിച്ചത്.