കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തോക്ക് ലൈസൻസ് ഉള്ളവർക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് അനുമതിയുള്ളത്. വന്യജീവി ശല്യം തടയാൻ 204 ജനജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്ത് അറിയിച്ചു.
കാടിറങ്ങിവരുന്ന കാട്ടുപന്നികൾ കർഷകർക്കും കൃഷിക്കും മാത്രമല്ല വഴിയാത്രക്കാർക്കും ഭീഷണിയാകുന്നതോടെയാണ് ലൈസൻസുള്ളവർക്ക് വെടിവയ്ക്കാൻ അനുമതി നൽകിയത്.
കാസർഗോഡ് മുള്ളേര്യയിൽ രാവിലെ കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. കാവുങ്കൽ സ്വദേശി കുഞ്ഞന്പു നായർക്കാണ് (60) പരിക്കേറ്റത്. കാട്ടുപന്നിയെ പോസ്റ്റുമോർട്ടത്തിന് ശേഷം വനംവകുപ്പ് കുഴിച്ചിട്ടു.
കോഴിക്കോട് കട്ടിപ്പാറയിൽ രാത്രി വീട്ടിൽ കയറിയ കാട്ടുപന്നികൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചിരുന്നു. സോഫയും കട്ടിലും കിടക്കയും നശിപ്പിച്ചു. തുറന്നുകിടന്ന വാതിലിലൂടെയാണ് കാട്ടുപന്നികൾ വീടിനുള്ളിൽ കയറിയത്.