എം.ജി ശ്രീകുമാറിനു മോൻസൺ നൽ‍കിയ ‘വജ്രമോതിര’ത്തിനു 300 രൂപ!


തിരുവനന്തപുരം: ഗായകൻ എം.ജി. ശ്രീകുമാറിനു മോൻസൺ മാവുങ്കൽ‍ സമ്മാനിച്ച “കറുത്ത വജ്രമോതിരം” (ബ്ലാക്‌ ഡയമണ്ട്‌) വെറും 300 രൂപ വിലയുള്ളത്‌! ഫ്‌ളവേഴ്‌സ്‌ ടി.വിയിലെ “ടോപ്‌ സിങ്ങർ‍“ പരിപാടിയിൽ‍ വിധികർ‍ത്താവായ എം.ജി. ശ്രീകുമാർ‍, രമേഷ്‌ പിഷാരടിയുമായുള്ള സംഭാഷണമധ്യേ ഈ “അമൂല്യമോതിരം” ഉയർ‍ത്തിക്കാട്ടിയിരുന്നു. ഇതുൾ‍പ്പെടെ മോന്‍സണ്‍ പലർ‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണൽ‍ മാർ‍ക്കറ്റിൽ‍നിന്ന്‌ 200−1000 രൂപയ്‌ക്കു വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം അതും കടമായി! വാച്ചും വളയും മോതിരവുമെല്ലാം നിസാരവിലയ്‌ക്കു വാങ്ങിയിരുന്ന കടയിൽ‍ മൂന്നുലക്ഷത്തോളം രൂപ നൽ‍കാനുണ്ട്‌.

ബംഗളുരുവിൽ‍നിന്നു മോൻസൺ ആഡംബരവാഹനങ്ങൾ‍ വാങ്ങിയതും കടമായാണ്. കോർ‍പറേഷൻ സർ‍ക്കിൾ‍ ത്യാഗുവിൽ‍ നിന്നാണു മിക്ക കാറുകളും വാങ്ങിയത്‌. ലക്ഷങ്ങൾ‍ വിലയുള്ള ടൊയോട്ട ലക്‌സസ്‌ കാർ‍ കൊണ്ടുവന്നത്‌ 1001 രൂപ ടോക്കണ്‍ നൽ‍കിയാണ്‌. ബാക്കി പണത്തിന്‌ അവധി പറഞ്ഞതല്ലാതെ, ഇതുവരെ കൊടുത്തിട്ടില്ല. കോടികൾ‍ വിലയുള്ള ബെന്റ്‌ലി കാർ‍ കൊണ്ടുവന്നത്‌ ഒരുലക്ഷം രൂപ മാത്രം നൽ‍കിയാണ്‌. നാഷണൽ‍ മാർ‍ക്കറ്റിലെ ഡോ. റാമിൽ‍നിന്നു പുരാവസ്‌തുക്കൾ‍ വാങ്ങിയ ഇനത്തിൽ‍ കൊടുക്കാനുള്ളതു 30 കോടി രൂപ! മോന്‍സണ്‍ പിടിയിലായതറിഞ്ഞു ഡോ. റാമിന്റെ ഡ്രൈവർ‍ പോലീസുമായി ബന്ധപ്പെട്ടിരുന്നു.

സൗന്ദര്യവർ‍ദ്ധകമരുന്നുകളും “പ്രായം കുറയ്‌ക്കുന്ന” ഗുളികകളും വിദേശത്തുനിന്നു കൊണ്ടുവന്നതല്ലെന്നു മോൻസൺ ചോദ്യംചെയ്യലിൽ‍ സമ്മതിച്ചു. എറണാകുളം എം.ജി. റോഡിലെ പ്രമുഖ സ്വകാര്യാശുപത്രിക്കു സമീപമുള്ള മെഡിക്കൽ‍ സ്‌റ്റോറിൽ‍നിന്നാണു ത്വക്‌രോഗത്തിനും സൗന്ദര്യവർ‍ധനയ്‌ക്കുമുള്ള മരുന്നുകൾ‍ വാങ്ങിയിരുന്നത്‌. ഇവ കൂട്ടിയിളക്കി മോൻസണ്‍ സ്വന്തം മരുന്നുകൾ‍ തയാറാക്കി. യുട്യൂബും ഗൂഗിളും നോക്കി വിവിധ മരുന്നുകളുടെ ഉപയോഗം മനസിലാക്കി. സിനിമാ നടികൾ‍ ഉൾ‍പ്പെടെയുള്ളവർ‍ക്ക്‌ ഈ “കൂട്ടുമരുന്നാ”ണു നൽ‍കിയിരുന്നത്‌. മോൻസന്റെ മരുന്നുകൾ‍ ഫലപ്രദമായിരുന്നെന്നാണു നടി ശ്രുതി ലക്ഷ്‌മി പ്രതികരിച്ചത്‌! തന്റെ മരുന്ന്‌ ഉപയോഗിച്ചാൽ‍ മുഖത്തെ പാടും ചുളിവും കൺപോളകൾ‍ക്കു താഴെയുള്ള കറുപ്പുമെല്ലാം അപ്രത്യക്ഷമാകുമെന്നായിരുന്നു മോൻസന്റെ അവകാശവാദം.

മ്യൂസിയത്തിലുള്ള പുരാവസ്‌തുക്കളിൽ‍ ഒരെണ്ണം ഒറിജിനലാണെന്നാണു മോന്‍സണ്‍ പോലീസിനോടു പറഞ്ഞത്‌. അതു ഹൈദരാബാദ്‌ ഭരണാധികാരിയായിരുന്ന നൈസാമിന്റെ വാളാണ്‌. മോൻ‍സന്റെ ശേഖരം പരിശോധിച്ച്‌ റിപ്പോർ‍ട്ട്‌ നൽ‍കാൻ മന്ത്രി അഹമ്മദ്‌ ദേവർ‍കോവിൽ‍ സംസ്‌ഥാന പുരാവസ്‌തുവകുപ്പിനോടു നിർ‍ദേശിച്ചു.

മോൻ‍സൺ നടത്തിയ ചേർ‍ത്തല ചാരമംഗലം പള്ളിപ്പെരുന്നാളിനു കശാപ്പുചെയ്യാൻ പോത്തുകളെ എത്തിച്ചതു പരാതിക്കാരിൽ‍ ഒരാളായ യാക്കൂബാണെന്നു സൂചന. ഇരുപതോളം കന്നുകാലികളെയാണ്‌ അറുത്തത്‌. മൂന്നുദിവസം മൂന്നുനേരവും സദ്യസഹിതം വന്‍ആഘോഷമാക്കിയ പെരുന്നാളിൽ‍ പങ്കെടുക്കാന്‍ മലപ്പുറം, കാസർ‍ഗോഡ്‌, കോഴിക്കോട്‌ ജില്ലകളിൽ‍നിന്നുപോലും ആളുകളെത്തിയിരുന്നു. പള്ളിപ്പെരുന്നാളിനു മുംബൈയിൽ‍നിന്നുള്ള സംഘം ത്രീഡി ഇഫക്‌ടിൽ‍ അലങ്കാരമൊരുക്കിയതിനു മാത്രം ചെലവ്‌ 35 ലക്ഷം രൂപ. ഒന്നരക്കോടിയെന്നാണു മോൻ‍സൺ പറഞ്ഞതെങ്കിലും രണ്ടുകോടിക്കടുത്തായിരുന്നു ചെലവ്‌.

നാല്‌ ആനക്കൊന്പുകളാണ് മോൻസന്റെ സ്വകാര്യ മ്യൂസിയത്തിൽ‍നിന്നു വനംവകുപ്പ്‌ പിടിച്ചെടുത്തത്‌. എന്നാൽ‍, എല്ലാം വ്യാജമായിരുന്നു. രണ്ടെണ്ണം മരക്കഷണങ്ങൾ‍ കൂട്ടിയോജിപ്പിച്ച്‌ ആശാരി നിർ‍മിച്ചതാണ്‌. മറ്റു രണ്ടെണ്ണം ഒട്ടകത്തിന്റെ എല്ലും കാട്ടുപോത്തിന്റെ കൊന്പും ഉപയോഗിച്ചു നിർ‍മിച്ചത്‌.

You might also like

  • Straight Forward

Most Viewed