തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിനിടെ സംഘർഷം


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിനിടെ സംഘർഷം ഉണ്ടായി. ബിജെപി അംഗങ്ങൾ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്തു.

കോര്പറേഷൻ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതർക്കം തുടങ്ങി. പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കോർപ്പറേഷൻ ഓഫീസിൽ ഭരണപക്ഷ കൗൺസിലർമാരും, ബിജെപി കൗൺസിലർമാരും പ്രതിഷേധിക്കുകയാണ്. രാത്രിയിലും കോർപ്പറേഷനിൽ തങ്ങാനാണ് ബിജെപി കൗൺസിലർമാരുടെ തീരുമാനം. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു.
സോണൽ ഓഫീസ് അഴിമതിയിൽ ആവശ്യമായ എല്ലാ നടപടികളും നഗരസഭ എടുത്തിട്ടുണ്ട് എന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. മുഴുവൻ സോണൽ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതിൽ അദ്ദേഹം പൊലീസിന് പരാതി നൽകും. ബിജെപി അംഗങ്ങൾ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയർ പറഞ്ഞു.

You might also like

Most Viewed