തലയ്ക്കു പരിക്കേറ്റ കുട്ടിയുടെ തലമുടി നീക്കം ചെയ്യാതെ മുറിവിൽ സ്റ്റാപ്ലർ അടിച്ചുവിട്ടു; ആലപ്പുഴ വണ്ടാനം മെഡിക്കൽ‍ കോളേജിനെതിരെ പരാതിയുമായി പിതാവ്


കായംകുളം: അപകടത്തിൽ തലയ്ക്കു പരിക്കേറ്റ കുട്ടിയുടെ തലമുടി നീക്കം ചെയ്യാതെ മുറിവിൽ സ്റ്റാപ്ലർ അടിച്ചുവിട്ട സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകും. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട്ട് നൗഷാദ് ആണ് മകൻ മുഹമ്മദ് ഇഹ്‌സാ(10)ന് നേരിട്ട ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനു പരാതി നൽകിയിരുന്നു. പരിശോധിക്കാമെന്ന മറുപടി മാത്രമാണ് നൽകിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ മന്ത്രിക്കും ഇന്നു പരാതി നൽകുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ‍ കോളേജിലെ ഡോക്ടർ‍മാരാണ് കുട്ടിയുടെ ജീവൻ വരെ അപകടത്തിലാകാവുന്ന അനാസ്ഥ കാണിച്ചത്. അപകടത്തിൽ‍ തലയ്ക്കു ഗുരുതര പരിക്കേറ്റ പത്തു വയസുകാരന്‍റെ മുറിവ് ഭാഗത്തെ തല മുടി നീക്കം ചെയ്യുകയോ വൃത്തിയാക്കുകയോ ചെയ്യാതെ മുടി ചേർത്തു സ്റ്റാപ്ലർ അടിച്ചു വീട്ടിൽ‍ പറഞ്ഞുവിട്ടെന്നാണ് പരാതി. കുട്ടിക്കു വേദന കലശലായതോടെ മറ്റൊരു ആശുപത്രിയെ സമീപിച്ചാണ് മുറിവ് വീണ്ടും ഡ്രസ് ചെയ്തത്. 

നൗഷാദിന്‍റെ മകന്‍ കഴിഞ്ഞ ദിവസം റോഡപകടത്തിൽ‍ തലയ്ക്കു ഗുരുതര പരിക്കു പറ്റി വണ്ടാനം മെഡിക്കൽ‍ കോളേജിലെ അത്യാഹിത വിഭാഗത്തിൽ‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഈ സമയം ഡ്യൂട്ടിയിൽ‍ ഉണ്ടായിരുന്ന ഡോക്ടർ‍ മുറിവ് വൃത്തിയാക്കുന്നതിനോ തലമുടി നീക്കം ചെയ്തു പരിശോധന നടത്താനോ തയാറാകാതെ മുറിവ് കൂട്ടിപിടിച്ചു സ്റ്റാപ്ലർ‍ അടിച്ചു വിടുകയാണുണ്ടായതെന്നു കുട്ടിയുടെ രക്ഷിതാക്കൾ‍ പരാതിയിൽ പറയുന്നു. അണുബാധയുണ്ടാകാനുള്ള വലിയ സാധ്യതയാണ് ഇതിലൂടെ ഉണ്ടായത്.ആഴത്തിൽ മുറിവ് വീട്ടിലെത്തിയ ഇഹ്‌സാനു കഠിനമായ തലവേദന ഉണ്ടായതിനാൽ‍ ബന്ധുക്കൾ‍ ഉടൻ‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ‍ എത്തിച്ചു. തുടർ‍ന്നു നടത്തിയ പരിശോധനയിൽ‍ ഇഹ്‌സാന് തലയ്ക്ക് ഉണ്ടായ മുറിവ് ആഴമുള്ളതാണെന്നും ഗുരുതരമാണെന്നും കണ്ടതിനെത്തുടർ‍ന്നു മുടി നീക്കം ചെയ്തു മുറിവ് വൃത്തിയാക്കി തുടർ ചികിത്സകൾ‍ നടത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മുറിവിൽ മുടി നീക്കാതെ സ്റ്റാപ്ലർ അടിച്ചതു കണ്ടപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ നിങ്ങൾ പോയതു മെഡിക്കൽ കോളേജിൽ തന്നെയാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചെന്നും പിതാവ് പറയുന്നു. കൃത്യ സമയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് മകന്‍റെ ജീവൻ രക്ഷിക്കാനായതെന്നും പിതാവ് നൗഷാദ് പറഞ്ഞു. വീഴ്ചകൾ വീണ്ടും വണ്ടാനം മെഡിക്കൽ‍ കോളേജിൽ‍ അധികൃതരുടെ ഭാഗത്തുനിന്നു നിരന്തരമായി ഉണ്ടാകുന്ന ചികിത്സ അനാസ്ഥ ജനങ്ങളെ ആശങ്കയിലാക്കുകയാണ്. 

രണ്ടാഴ്ച മുന്പാണ് കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചെന്നു ബന്ധുക്കൾ‍ക്കു മെഡിക്കൽ‍ കോളേജിൽ‍നിന്നു തെറ്റായ സന്ദേശം നൽകിയത്. ഭരണിക്കാവ് പള്ളിക്കൽ‍ സ്വദേശി രമണൻ‍ മരിച്ചുവെന്നും മൃതദേഹം മോർ‍ച്ചറിയിൽ‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ബന്ധുക്കളെ അറിയിച്ചത്. ഇതറിഞ്ഞ ബന്ധുക്കൾ‍ സംസ്‌കാരത്തിനുള്ള ഒരുക്കം നടത്തി.  എന്നാൽ‍, മൃതദേഹം കൊണ്ടുവരാനായി മെഡിക്കൽ‍ കോളേജിൽ‍ എത്തിയ ബന്ധുക്കൾ‍ കണ്ടത് ഐസിയുവിൽ‍ ജീവനോടെ കിടക്കുന്ന രമണനെ. ഇതോടെ, ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ‍ രംഗത്തെത്തി.  തുടർന്ന് ആരോഗ്യ മന്ത്രിയും മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ ഇടപെടൽ നടത്തി. ആശുപത്രിയിൽ‍ മൃതദേഹം മാറി നൽ‍കിയതു സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇതിനു മുന്പ് കോവിഡ് മരണങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ‍ കോളജിനെതിരെ പരാതി ഉയർന്നിരുന്നു. രോഗികൾ‍ മരിച്ചു ദിവസങ്ങൾ‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിക്കുന്നതെന്ന പരാതിയെത്തുടർന്നു മെഡിക്കൽ‍ കോളജ് സൂപ്രണ്ട് ഡോ.ആർ‍.വി രാംലാലിനെ സ്ഥലം മാറ്റുകയും ചെയ്തു. എന്നിട്ടും മെഡിക്കൽ കോളേജിൽ പരാതികൾ തുടരുകയാണ്. 

You might also like

Most Viewed