നായികയെ കിട്ടി ഗയ്സ്; സന്തോഷം പങ്കുവെച്ച് ഇ ബുൾ ജെറ്റ് സഹോദരന്‍മാർ

കൊച്ചി: യു ട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്‍മാർക്ക് തങ്ങളുടെ സിനിമയിലേക്കുള്ള നായികയെ കിട്ടി. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുൾജെറ്റ് സഹോദരന്‍മാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാൽ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ നായകന്‍മാരായി നിങ്ങൾക്ക് തന്നെ അഭിനയിച്ചാൽ പോരെ എന്ന കമന്‍റുകളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സംഭവബഹുലമായ തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി ഇ ബുൾ ജെറ്റ് സഹോദരന്‍മാർ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവർ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ആഗസ്ത് ഒന്പതിനായിരുന്നു വ്ളോഗർമാരായ എബിനെയും ലിബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റിൽ ആർ.ടി ഓഫിസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർ നടപടികൾക്കായി ഇവരോട് ഓഫിസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നൽകാമെന്ന് കോടതിയിൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഇവർക്ക് ജാമ്യം അനുവദിച്ചത്. ഈയിടെ ഇവരുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചിരുന്നു. KL 73 ബി 777 നന്പറിലുള്ള വാഹനത്തിന്‍റെ രജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്. ജോയിന്‍റ് ആർ.ടി.ഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി. നെപ്പോളിയൻ എന്ന് പേരിട്ട ടെംന്പോ ട്രാവലറാണ് ഇവരുടെ വാഹനം. ഇ ബുൾ ജെറ്റ് എന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനലിന് 20 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.