13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വില്ലൻ വിഡിയോ ഗെയിം എന്നു സംശയം


നെടുങ്കണ്ടം: ബന്ധുവീട്ടിലെത്തിയ 13 വയസുകാരൻ ടെറസിന്‍റെ മുകളിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വില്ലൻ വിഡിയോ ഗെയിം എന്നു സംശയം. കഴുത്തിൽ കയർ കുരുങ്ങിയിരുന്നതു കൂടാതെ കാലിൽ കയർ കെട്ടിയിരുന്നതാണ് വിഡിയോ ഗയിമിന്‍റെ ഭാഗമായുള്ള ടാസ്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മരണമെന്ന സംശയം ഉയർത്തിയിരിക്കുന്നത്. സമീപത്ത് ഒരു കസേരയും ഉണ്ടായിരുന്നു. ടാസ്ക് ചെയ്യുന്നതിനിടെയുള്ള അപകടത്തിലാകാം കുട്ടിയുടെ മരണമെന്ന സംശയത്തിലാണ് പോലീസ്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പരിശോധിക്കാനായി കസ്റ്റഡിയിൽ വാങ്ങും. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ് − സൗമ്യ ദന്പതികളുടെ മകൻ ജെറോൾഡ് (അപ്പു − 13) ആണ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ മരിച്ചത്. ബിജു ഫിലിപ്പിന്‍റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കഴിഞ്ഞ ഒരുമാസമായി ജെറോൾഡ് ഇവിടെയായിരുന്നു താമസം. 

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് അപകടം. ജെറോൾഡിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീടിന്‍റെ താഴത്തെ നിലയിൽ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ പോയിരുന്നു. ബിജുവിന്‍റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരീഭർത്താവ് ബിജു ലൂക്കോസ് മുല്ലപ്പെരിയാർ ഡാം സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇവരുടെ കുട്ടികളുടെ ഓണ്‍ലൈൻ ക്ലാസ് കഴിഞ്ഞിട്ടും ജെറോൾഡിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളിൽ കയറിൽ കുരുങ്ങിയ നിലയിൽ ജെറോൾഡിനെ കണ്ടത്. വാഴവര സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ജെറോൾഡ്. ജെവിൻ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കാലിൽ കുരുങ്ങിയ കയറും പോലീസ് ശേഖരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed