ക്ഷേത്രത്തിൽ പ്രവേശിച്ച നാല് വയസ്സുകാരന് പിഴയിട്ടു; 5 പേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിലെ മിയാപുരയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച നാല് വയസുകാരൻ ദളിത് ബാലന് 25,000 രൂപ പിഴയിട്ട സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് ബാലൻ പ്രവേശിച്ചത് മൂലം ക്ഷേത്രത്തിന് അശുദ്ധിയുണ്ടായെന്നും ശുദ്ധികലശം നടത്താൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബത്തിന് പിഴ ചുമത്തിയത്. പട്ടികജാതി−പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സാമൂഹ്യക്ഷേമ അസി. ഡയറക്ടർ ബാചന്ദ്രയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. ക്ഷേത്രത്തിലെ പൂജാരി ഉൾപ്പടെ അഞ്ച് പേരാണ് കസ്റ്റഡിയിലായത്. കുട്ടിക്ക് പിഴയിട്ട സംഭവത്തിന് പിന്നാലെ ദളിത് സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇവരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തെറ്റിദ്ധാരണ മൂലമുണ്ടായ പിഴവാണ് സംഭവിച്ചതെന്ന് അറസ്റ്റിലായവരുടെ ജാതി സംഘടന വിശദീകരിച്ചു.