കേരള പോലീസിലല്ല, സിപിഎമ്മിലാണ് ആർഎസ്എസ് ഗാംങ് പ്രവർത്തിക്കുന്നതെന്ന് കെ. സുധാകരൻ


തിരുവനന്തപുരം: സംസ്ഥാന പോലീസിലല്ല, കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗാംങ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. കേരളത്തിൽ സ്ത്രീ പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസിൽ ആർഎസ്എസ് ഗാംങ് ഉണ്ടെന്നു പ്രസ്താവന നടത്തിയത്. സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് എന്നതിന്‍റെ തെളിവാണ് സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ടു കേസുകളും ഇന്ന് എവിടെയാണ് എത്തി നിൽക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണം.

ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്‍റെ പേരിൽ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്‌ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും ആത്മാർഥതയില്ല എന്നതിന്‍റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം−ആർഎസ്എസ് രഹസ്യ ബന്ധത്തിന്‍റെ തെളിവാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

You might also like

Most Viewed