സിനിമ നിർമാതാവും പാചക വിദഗ്ധനുമായ എം.വി. നൗഷാദ് അന്തരിച്ചു

പത്തനംതിട്ട: സിനിമ നിർമാതാവും പാചക വിദഗ്ധനുമായ എം.വി. നൗഷാദ് (54) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയില്‍ കേറ്ററിംഗ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തോടുള്ള താൽപ്പര്യം പകർന്നു കിട്ടിയത്. ഹോട്ടൽ മാനേജ്‌മെന്‍റ് പഠനം പൂർത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.
നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിംഗ് സർവീസും ഉണ്ട്. ബ്ലെസിയുമായുള്ള സൗഹൃദമാണ് നൗഷാദിനെ ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. ബ്ലെസിയുടെ കാഴ്ചയിൽ സഹനിർമാതാവായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടന്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായി. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്‍റെ ഭാര്യ ഷീബയുടെ മരണം. നഷ്‌വ ഏക മകളാണ്.