കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം പ്രഹസനമെന്ന് വി.ഡി.സതീശൻ


തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കേസിലെ പ്രതികൾക്കെല്ലാം പാർട്ടിയിൽ വലിയ സ്വാധീനമുണ്ട്. ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാർ പോലും തട്ടിപ്പ് അറിഞ്ഞ ശേഷം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇത് തട്ടിപ്പുകാർക്ക് തണലായെന്നും പാർട്ടി തട്ടിപ്പിന് ഒത്താശ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണമാണ് തട്ടിപ്പിനെക്കുറിച്ച് നടത്തേണ്ടത്. സിബിഐ പോലുള്ള ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ സർക്കാർ തയാറാകണം. തട്ടിപ്പ് ഒതുക്കി തീർക്കാൻ സർക്കാർ, സഹകരണ വകുപ്പ്, പാർട്ടി തലങ്ങളിൽ ശ്രമം നടന്നിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കണം. മാധ്യമങ്ങളിലൂടെ വിവരങ്ങളെല്ലാം പുറത്തുവന്നതോടെയാണ് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സർക്കാരിന് പറയേണ്ടി വന്നതെന്നും ഇതിൽ ആത്മാർഥതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീപീഡന പരാതി ഒതുക്കാൻ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രനെ സംരക്ഷിക്കുന്ന പിണറായി വിജയന്‍റെ കപട സ്ത്രീപക്ഷ വാദം പുറത്തായി. കോവിഡ് മരണനിരക്കിൽ സർക്കാർ കൃത്രിമം കാണിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

You might also like

Most Viewed