വ്യാപാരികളുടെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രിഉറപ്പുനൽകിയെന്ന് ടി. നസറുദ്ദീൻ


തിരുവനന്തപുരം: വ്യാപാരികളുടെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസറുദ്ദീൻ. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി അനുകൂലമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. സമരത്തിനില്ലെന്നും നസറുദ്ദീൻ കൂട്ടിച്ചേർത്തു.

അതേസമയം അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾമൂലം കടകൾ തുറക്കാനാകാതെ വലയുന്ന വ്യാപാരികൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കൾ നടത്തിയ സമവായ ചർച്ചയിൽ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. ചർച്ചയിൽ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കൾ വൈകുന്നേരത്തോടെ ടിവി ചാനൽവഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്‍റിന്‍റെ പ്രസ്താവന കാണുന്നത്. ഇതാണ് വ്യാപാരികളിൽ ചിലരെ പ്രകോപിപ്പിച്ചത്.

You might also like

Most Viewed