ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വീണാ ജോര്‍ജ്


തിരുവനന്തപുരം: ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകള്‍ക്കായോ അപേക്ഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക നിയമപരമായ നടപടി സ്വീകരിച്ച് നികത്താന്‍ കഴിയുമോ എന്നത് പരിശോധിക്കേണ്ടതാണ്. ആശ്രിത നിയമനത്തിന് നീക്കിവച്ചിട്ടുള്ള ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പ്രമോഷനുകള്‍ യഥാസമയം നടക്കാത്തതിനാല്‍ ഉയര്‍ന്ന തസ്തികകളിലെ നികത്തപ്പെടാതെ പോകുന്നതു മൂലം എന്‍ട്രി കേഡറുകളില്‍ ഉണ്ടാകേണ്ടുന്ന ഒഴിവുകളില്‍ നിയമനം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്.ഉയര്‍ന്ന തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുന്നവ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍, ഒരുദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കിക്കൊണ്ട് ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണം. ഏതെങ്കിലും കാരണത്താല്‍ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നടക്കാന്‍ കഴിയാതെ വന്നാല്‍ ആ തസ്തിക താത്കാലികമായി റിവേര്‍ട്ട് ചെയ്ത് എന്‍ട്രി കേഡര്‍ ആയി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രമോഷന്‍ സംബന്ധിച്ച കോടതി വ്യവഹാരങ്ങളില്‍ കൃത്യമായ സ്‌റ്റേറ്റ്‌മെന്‍റ്/സത്യവാങ്മൂലം നല്‍കി തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
എന്‍ജെഡി ഒഴിവുകള്‍ ഉടന്‍ തന്നെ പിഎസ്‌സിയെ അറിയിക്കാനും കാലതാമസം കൂടാതെ പുതിയ നിയമനങ്ങള്‍ നടത്താനും കഴിയണം. ഓരോ വര്‍ഷവും ഉയര്‍ന്ന തസ്തികകളിലേക്ക് ഉണ്ടാകുന്ന ഒഴിവുകള്‍ മുന്നില്‍കണ്ട് യഥാസമയം പ്രമോഷനുകള്‍ നല്‍കേണ്ടതാണ്. ഡിപിസി കൂടുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

You might also like

  • Straight Forward

Most Viewed