ഓൺലൈൻ പാസ് സംവിധാനത്തിൽ വൻതിരക്ക്: പാസ് എടുക്കേണ്ടത് ആരൊക്കെ? വിശദീകരിച്ച് ഡിജിപി

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങാനായി പോലീസിൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിൽ വൻതിരക്ക്. ഇന്നലെ രാത്രി തുറന്ന ഓൺലൈൻ പോർട്ടലിൽ മണിക്കൂറുകൾക്കുള്ളിൽ നാൽപതിനായിരത്തോളം അപേക്ഷകളാണ് എത്തിയത്. സൈറ്റിൽ ഒരേ സമയം പതിനായിരത്തിലധികം പേർ കയറിയതോടെ സാങ്കേതിക പ്രശ്നങ്ങളും തുടങ്ങി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തുന്നത്.
ഓൺലൈൻ സംവിധാനം ഇങ്ങനെ
ലോക്ക്ഡൗൺ കാലത്ത് അടിയന്തര സാഹചര്യങ്ങളിൽ നടത്തേണ്ട യാത്രയ്ക്കാണ് പാസ് വേണ്ടത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക വെബ്സൈറ്റിൽ അപേക്ഷ നൽകണം. pass.bsafe.kerala.gov.in. എന്ന വെബ്സൈറ്റിൽ കയറി പേരും വിലാസവും യാത്രയുടെ വിവരങ്ങളും തിരിച്ചറിയൽ രേഖയുടെ വിവരങ്ങളും നൽകണം. അതതു ജില്ലകളിലെ പോലീസ് കൺട്രോൾ റൂമുകളാണ് അപേക്ഷകൾ അനുവദിക്കുന്നത്.
എല്ലാവർക്കും പാസ് കിട്ടില്ല
അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ എഴുതി തയ്യാറാക്കിയ സത്യവാങ്മൂലമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ജോലിയ്ക്ക് പോകാൻ പാസ് നിർബന്ധമാണ്. നിലവിൽ ലഭിക്കുന്ന അപേക്ഷകളിൽ ഭൂരിഭാഗവും അനാവശ്യമാണെന്ന് വ്യക്തമാക്കിയ ഡിജിപി ഒഴിവാക്കാൻ കഴിയാത്ത യാത്രയ്ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നതെന്നും വ്യക്തമാക്കി. പോലീസുകാർക്കിടയിൽ കൊവിഡ് 19 ബാധ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാനടപടികൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിയൽ കാർഡുള്ള അവശ്യ സർവീസുകാർക്ക് ഇ പാസിൻ്റെ ആവശ്യമില്ല. എന്നാൽ കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ. കൊഴിലാളികൾ തുടങ്ങിയവർക്ക് സ്വയം പാസിനു അപേക്ഷിക്കുകയോ തൊഴിലുടമകൾ വഴി അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യാം. അടിയന്തരസന്ദർഭങ്ങളിൽ ദീർഘദൂരയാത്രകൾ ചെയ്യേണ്ടവരും പാസിന് അപേക്ഷിക്കണം. അടുത്ത ബന്ധുവിൻ്റെ വിവാഹം, മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ മാത്രമാണ് അംഗീകരിക്കുക. തെറ്റായ വിവരങ്ങൾ നൽകി പാസെടുത്താൽ കർശന നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.