തെറ്റുകൾ തിരുത്തിയാൽ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ് സ്വീകരിക്കുമെന്ന് പാർട്ടി മുഖപത്രം


തിരുവനന്തപുരം : ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി മുഖപത്രം വീക്ഷണത്തിൻറെ മുഖപ്രസംഗം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തിയാൽ അർഹിക്കുന്ന പ്രാധാന്യം നൽകി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. സിപിഎമ്മിൽ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണെന്നും വിമർശനം. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്.

മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോൺഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മിൽ ചെറിയാൻ ഫിലിപ്പിന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണെന്നാണ് മുഖപ്രസംഗം. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെആന്റണിക്കും ഉമ്മൻചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങൾ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും വീക്ഷണം ചൂണ്ടിക്കാട്ടി.

വിമതരെ സ്വീകരിക്കുന്നതിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന മുഖപ്രസംഗം, ചെറിയാൻ ഫിലിപ്പിനോട് ചിറ്റമ്മനയമാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസിനെ ചതിച്ച ചെറിയാൻ ഫിലിപ്പിനെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരാമവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിന്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം എന്നും മുഖപ്രസംഗം ആരോപിക്കുന്നു. അതിനാൽത്തന്നെ അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തിയാൽ അർഹിക്കുന്ന പ്രാധാന്യം നൽകി കോൺഗ്രസ് സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

രാജ്യസഭാ സ്ഥാനാർത്ഥികളായി ജോൺ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താൻ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. അതേസമയം വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പറയേണ്ട സമയത്ത് പ്രതികരിക്കാമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed