ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈനയുടെ പക്കൽ ഇല്ലെന്ന് കരസേന മേധാവി
ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി മേജർ ജനറൽ എം.എം നരവാനെ. ഇന്ത്യയിലെ ജനങ്ങളെ ആർക്കു മുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ സൈന്യം ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യമെന്ന നിലയിൽ പുരോഗതി കൈവരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം ആവശ്യമാണ്. പാംഗോങ് സോ തടാകത്തിന് സമീപമുണ്ടായ സംഘർഷത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമാണ്. ചില മേഖലകളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. യാഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും നരവാനെ പറഞ്ഞു.
പാകിസ്താനുമായി വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ ധാരണയായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. മാർച്ച് മാസത്തിൽ ഒരേ ഒരു തവണ മാത്രമാണ് പാകിസ്താന്റെ ഭാഗത്തുനിന്നും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായത്. ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് വികസനത്തിന് വേഗം കൂട്ടാൻ സഹായകമാകും. കശ്മീർ താഴ്‌വര നിലവിൽ സാധാരണ നിലയിലാണെന്നും യുവാക്കളെ ഭീകരതയിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാൻ ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

