ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാർഡ്
തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങൾക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ അവാർഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയിൽ കേരളം മാത്രമാണ് ഈ അവാർഡിന് അർഹമായിരിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായിട്ട് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.
ഇത് വിലയിരുത്തിയാണ് സംസ്ഥാനത്തെ അവാർഡിനായി പരിഗണിച്ചത്. കേരളത്തിലെ ക്ഷയരോഗപര്യവേഷണ സംവിധാനം രാജ്യാന്തരതലത്തിൽ തന്നെ ഏറ്റവും മികച്ചതാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
നാഷണൽ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിന്‍ എന്നിവയിൽ നിന്നുള്ള 26 അംഗ വിദഗ്ധസംഘം എറണാകുളം, മലപ്പുറം, കാസറഗോഡ്, കൊല്ലം ജില്ലകളിൽ സന്ദർശിച്ച് വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
60 സർവേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തൽ. കൂടാതെ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുമായും മെഡിക്കൽ ഷോപ്പുകളുമായും വിദഗ്ധസമിതി ചർച്ചകൾ നടത്തിയിരുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുവാനായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ‘എന്റെ ക്ഷയരോഗ മുക്തകേരളം’ പദ്ധതിയുടെ കീഴിൽ ‘അക്ഷയ കേരളം’ ഉൾപ്പെടെയുള്ള മാതൃകാപരമായ പദ്ധതികളുടെ ശ്രമഫലമായിട്ടാണ് കേരളത്തിൽ ക്ഷയരോഗനിവാരണം സാധ്യമായത്.
ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിൽ ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യമേഖലയും ഒന്നിച്ചു നിന്നു. സ്റ്റെപ്പ്‌സ്, വായുജന്യ രോഗപ്രതിരോധ സംവിധാനം, ട്രീറ്റ്‌മെന്റ് സപ്പോർട്ട് ഗ്രൂപ്പുകൾ തുടങ്ങി ലോകത്തിന് മാതൃകയായ പല പദ്ധതികളും വികസിപ്പിച്ച് നടപ്പിലാക്കി വരുന്നു.
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയും ആയതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയത്.
തുടർച്ചയായി 12 മാസം അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിത്സ ഇടക്കുവെച്ചു നിർത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനങ്ങളെയും കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇങ്ങനെ കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം ഈ നേട്ടത്തിന് അർഹത നേടിയത്.

