മൈസുരുവിനടുത്ത് കാർ തടഞ്ഞ് മലയാളിയുടെ ഒരു കോടി കവർന്നു
ബംഗളൂരു: മൈസൂരു−ഹുൻസൂരു റോഡിൽ മലയാളിയായ ജ്വല്ലറി ഉടമയെയും സഹയാത്രക്കാരെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ കവർന്നതായാണ് പരാതി. കണ്ണൂർ പാനൂർ സ്വപ്ന ജ്വല്ലേഴ്സ് ഉടമ സൂരജ്, ബന്ധുക്കളായ കൃഷ്ണദേവ്, സുഭാഷ് എന്നിവരാണ് കവർച്ചക്കിരയായത്. മാർച്ച് 15ന് പുലർച്ചയാണ് മൂവരും കാറിൽ രണ്ടു കിലോ സ്വർണം വിൽക്കുന്നതിനായി ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
മാർച്ച് 16 ന് രാവിലെ 6.45 ഓടെയാണ് സംഭവമെന്ന് ഇതുസംബന്ധിച്ച് സൂരജ് ഹുൻസൂരു റൂറൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൈസൂരുവിൽ ബിസിനസ് സംരംഭം തുടങ്ങാനുള്ള ആലോചന ഉണ്ടായിരുന്നെന്നും ഉച്ചക്ക് ഒരു മണിയോടെ മൈസൂരുവിലെത്തി കടമുറിയുടെ വാടക അഡ്വാൻസായി 60,000 രൂപ ഉടമക്ക് നൽകിയതായും പരാതിയിൽ പറയുന്നു. തുടർന്ന് വൈകീട്ട് അഞ്ചിന് ബംഗളൂരു ചിക്ക്പേട്ടിലെത്തി സ്വർണ വ്യാപാരിയുമായി ഒരു കോടി രൂപക്ക് കച്ചവടമുറപ്പിച്ചു. ഈ തുക കാറിന്റെ ഹാൻഡ് ബ്രേക്ക് ബോക്സിനകത്തായാണ് സൂക്ഷിച്ചിരുന്നത്.

