പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതി, വിശ്വാസ്യത വേണമെന്നില്ല: എ. വിജയരാഘവൻ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിൽ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമെന്നും അദ്ദേഹം ആരോപിച്ചു. 'പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതി. വിശ്വാസ്യത വേണമെന്നില്ല. അദ്ദേഹം സർക്കാരിനെക്കുറിച്ച് നിരന്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആരോപിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്പോൾ ഇത്തരം ആരോപണങ്ങളുണ്ടാകും. കോടിക്ക് വിലയില്ലാതാകുക തിരഞ്ഞെടുപ്പ് അടുക്കുന്പോഴാണ്. പ്രതിപക്ഷ നേതാവ് പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. അദ്ദേഹത്തെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കടലിൽ മീൻപിടിക്കാൻ കരയിൽ സ്ഥലം കൊടുക്കുമോ? ഭക്ഷ്യ സംസ്കരണ യൂണിറ്റിനുവേണ്ടിയാണ് സ്ഥലം കൊടുത്തത്. അതിനെ ആഴക്കടൽ മത്സ്യബന്ധനവുമായി കൂട്ടിക്കുഴയ്ക്കേണ്ട. സർക്കാർ നിയമവിരുദ്ധമായിട്ടോ തൊഴിലാളി വിരുദ്ധമായിട്ടോ ഒന്നും ചെയ്യില്ല. ഒരു തരത്തിലുളള ഭൂമികച്ചവടവും നടന്നിട്ടില്ല'- വിജയരാഘവൻ പറഞ്ഞു. മന്ത്രിമാരെ കാണാൻ പലരും വരും.അവർ ഫോട്ടോയും എടുക്കും എന്നായിരുന്നു മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ചിത്രം പുറത്തുവന്നതിനെക്കുറിച്ചുളള വിജയരാഘവന്റെ പ്രതികരണം.




