മൂന്ന് ടേമായവർക്ക് ഇളവില്ല; സിപിഐയിൽ മൂന്ന് മന്ത്രിമാർ മത്സരിക്കില്ല


 

തിരുവനന്തപുരം: മൂന്ന് ടേമിലേറെ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് വീണ്ടും സീ‌റ്റ് നൽകേണ്ടെന്ന തീരുമാനമെടുത്ത് സിപിഐ. ഇന്ന് ചേർന്ന് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഔദ്യോഗികമായി ഈ തീരുമാനമെടുത്തത്. ഇതോടെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ (തൃശൂർ), ഭക്ഷ്യമന്ത്രി പി.തിലോത്തമൻ(ചേർത്തല), വനംമന്ത്രി കെ. രാജു (പുനലൂർ) എന്നിവർക്ക് ഇനി മത്സരിക്കാനാകില്ല. മന്ത്രി ഇ.ചന്ദ്രശേഖരൻ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. കാഞ്ഞങ്ങാട് നിന്ന് അദ്ദേഹം വീണ്ടും സഭയിലേക്ക് മത്സരിക്കും. മൂന്ന് മന്ത്രിമാരുൾപ്പടെ ആറ് എം.എൽ.എമാർക്കാണ് മൂന്ന് തവണ മത്സരരംഗത്തുണ്ടായിരുന്നതിനാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്തത്. മുൻ മന്ത്രിമാരായ മുല്ലക്കര രത്നാകരൻ (ചടയമംഗലം), സി.ദിവാകരൻ (നെടുമങ്ങാട്), പീരുമേട് എം.എൽ.എയായ ഇ.എസ് ബിജിമോൾ എന്നിവർക്കും ഇനി തിരഞ്ഞെടുപ്പിൽ സീ‌റ്റില്ല.
2016 നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീ‌റ്റുകളിൽ മത്സരിച്ച സിപിഐയുടെ 17 പേരാണ് വിജയിച്ച് എംഎൽഎമാരായത്. ഇവരിൽ 11 പേർക്ക് ഇനിയും മത്സരിക്കാൻ യോഗ്യതയുണ്ട്. എന്നാൽ രണ്ട് ടേം പൂർത്തിയാക്കിയ ചിലരെ മാ‌റ്റി പുതുമുഖങ്ങളെ പരീക്ഷിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നുണ്ട്. ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി (ചിറയിൻകീഴ്), ജി.എസ് ജയലാൽ (ചാത്തന്നൂർ), ഇ.കെ വിജയൻ( നാദാപുരം) എന്നിവർ രണ്ട് ടേം പൂർത്തിയാക്കിയിട്ടുണ്ട്. സംഘടനാ ചുമതലയുള‌ളവർ മത്സരിക്കുകയാണെങ്കിൽ പാർട്ടി ചുമതല ഒഴിയണമെന്നും പുതുനിരയെ കൊണ്ടുവരാനാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണിയിൽ പുതിയ കക്ഷികൾ വന്നതിനാൽ സീ‌റ്റ് വിഭജനത്തിൽ പരമാവധി വിട്ടുവീഴ്‌ച ചെയ്യാനും സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനമായി.

You might also like

Most Viewed