വിതുര പെൺവാണിഭ കേസ്: സുരേഷിന് 24 വർഷം തടവ്

കോട്ടയം: വിതുര പെൺവാണിഭ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ ഷാജഹാൻ (സുരേഷ്, 51) 24 വർഷം തടവ്. വിവിധ വകുപ്പുകളിലായാണ് 24 വർഷം തടവ് വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതി. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജോൺസൺ ജോൺ ആണ് ശിക്ഷ പ്രഖ്യാപിത്. 10,9000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
1995 നവംബർ മുതൽ 96 ജൂലൈ വരെ വിതുര സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു തട്ടിക്കൊണ്ടു പോയി പലർക്കായി കാഴ്ചവച്ചെന്നാണ് കേസ്. വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെയുള്ള 24 കേസുകളിൽ ആദ്യ കേസിലാണു വിധി. 344−ആം വകുപ്പ് പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽ പാർപ്പിക്കൽ, 372−ആം വകുപ്പ് പ്രകാരം മോശമായ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് പെണ്‍കുട്ടിയെ കൈമാറുക, അനാശാസ്യ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമുള്ള കുറ്റം എന്നി പ്രതി ചെയ്തതായി കോടതി കണ്ടെത്തിയത്.