കൊറോണാനന്തര രോഗങ്ങൾ വർദ്ധിക്കുന്നു; 93,680 പേർ ചികിത്സ തേടി; കേരളം ആശങ്കയിൽ


തിരുവനന്തപുരം: കേരളത്തിൽ കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. സർക്കാരിന്റെ 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. കൊറോണാനന്തര രോഗങ്ങളും മരണവും വർദ്ധിക്കുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്കയിലാണ്.

കൊറോണ ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തിൽ ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം, തലച്ചോറിൽ രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കാണ്. 7,409 പേരാണ് ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളത്. പേശി, അസ്ഥി സംബന്ധമായ അസുഖങ്ങളുമായി 3341 പേർ ചികിത്സ തേടി. ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ഞരന്പ് സംബന്ധമായ രോഗങ്ങളുമായി 1400 പേരും ചികിൽസ തേടിയിട്ടുണ്ട്.

കൊറോണയോടൊപ്പം തന്നെ കൊറോണാനന്തര പ്രശ്‌നങ്ങൾ രൂക്ഷമായി തീവ്ര പരിചരണ വിഭാഗത്തിലും വെൻറിലേറ്ററുകളിലും കഴിയുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ ബാധിച്ചുള്ളവരുടെ മരണ നിരക്കും വർധിച്ചു. കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലും കേരളം ഇപ്പോൾ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കൊറോണ മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസങ്ങളിൽ കേരളത്തിൽ ഇരുപതിനടുത്താണ് പ്രതിദിന മരണ സംഖ്യ.

You might also like

Most Viewed