ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: നിയമന വിവാദത്തിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഒപ്പം ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെസ്ഥിരപ്പെടുത്താനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.എന്നാൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾ സംബന്ധിച്ച് സർക്കാറിന്റെ വാർത്താകുറിപ്പ് പുറത്തുവന്ന ശേഷമേ വ്യക്തത വരൂ.
ഈ സർക്കാർ വന്ന ശേഷം നടന്ന നിയമനങ്ങളും മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ഇതിന് ശേഷമാണ് വിവിധ വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാന് നിർദേശമുണ്ടായത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിർദേശം. ബിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്ക് വി.പി.ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.