പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി. കാപ്പൻ

ന്യൂഡൽഹി: സിറ്റിംഗ് സീറ്റായ പാലാ ആർക്കും വിട്ടു നൽകില്ലെന്നും കുട്ടനാട് മത്സരിക്കാൻ താത്പര്യമില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം എൻസിപി ദേശീയ നേതൃത്വത്തെയും എൽഡിഎഫ് നേതൃത്വത്തെയും അറിയിച്ചതാണ്. പാലാ നൽകില്ലെന്ന് മുഖ്യമന്ത്രി തന്നെ പാർട്ടിയെ അറിയിച്ച സാഹചര്യത്തിൽ തുടർ തീരുമാനങ്ങൾ എന്താകുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എൻസിപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന കാപ്പനും പിതാംബരൻ മാസ്റ്ററും സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് അറിയിക്കും. യുഡിഎഫിലേക്ക് പോകാൻ കാപ്പൻ തീരുമാനമെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ കോണ്‍ഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.