കണ്ണൂരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂർ: തോട്ടടയിൽ ട്രാൻസ്ജെൻഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തോട്ടട സമാജ്‌വാദി കോളനിയിലെ താമസക്കാരിയായ കെ. സ്നേഹ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
സമാജ്‌വാദി കോളനിയിലെ സുലൈമാൻ−കൊച്ചമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സൈമൺ, സണ്ണി, ഓമന, സാറാമ, സൽമ, സിസിലി, ജോയി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ 36−ാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തയിൽ ഇടംനേടിയിരുന്നു.