ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന് ജാമ്യം


കൊച്ചി: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് കമറുദ്ദീന് എതിരെയുള്ള മൂന്ന് കേസുകളിൽ ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യാവസ്ഥയും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം. കേസുള്ള പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജാമ്യഹർജി നൽകിയത്.

കമറുദ്ദീനെതിരെ 85 കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ പറഞ്ഞു. മൂന്ന് തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇനിയും 82 കേസുകളിൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിക്കില്ല. മാസങ്ങൾക്ക് മുൻപാണ് കമറുദ്ദീനെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് വിവിധ പരാതിയിൽ ഒന്നിലധികം കേസ് ഇയാൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed