തൃശൂരിൽ വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയത് 44 ലക്ഷം
തൃശൂർ: വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വർച്വൽ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സ്വകാര്യ കന്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്. പൊലീസിന്റെ അന്വേഷണത്തിൽ ഡൽഹി, ഝാർഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഷ്ടമായത്. പണം തട്ടാൻ വർച്വൽ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിർമ്മിച്ച് ഒടിപി നന്പർ ശേഖരിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്. പണം പിൻവലിച്ച അക്കൗണ്ട് കൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. റൂറൽ എസ്പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

