മരട് ഫ്ളാറ്റ്: ഉടമകൾക്കുള്ള നഷ്ടപരിഹാര തുക ഉടൻ അടച്ചു തീർക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാര തുക ഉടൻ അടച്ചു തീർത്തില്ലെങ്കിൽ കണ്ടുകെട്ടിയ വസ്തുവകകൾ ലേലം ചെയ്യാൻ അനുമതി നൽകുമെന്നു ഫ്ളാറ്റ് നിർമാതാക്കളോടു സുപ്രീം കോടതി. നഷ്ടപരിഹാര തുക എങ്ങനെ അടച്ചു തീർക്കാമെന്നു നിർദേശങ്ങൾ എഴുതി നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, നഷ്ടപരിഹാര സമിതിയെ പിരിച്ചുവിടണമെന്ന ഫ്ളാറ്റ് നിർമാതാക്കളുടെ ആവശ്യം തള്ളി. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിയുടെ കാലാവധി ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നീട്ടിനൽകി.
കൂടാതെ സമിതിയുടെ ആവശ്യപ്രകാരം മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. കേസ് വീണ്ടും ഡിസംബറിൽ പരിഗണിക്കും. മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസുകളും കേരളത്തിലെ തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളും ഡിസംബറിൽ ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

