യൂണിടാക് ഉടമ നൽകിയ ഐ ഫോണുകൾ ലഭിച്ചത് ആർക്കൊക്കെയെന്ന് കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ നാലെണ്ണം ശിവശങ്കർ അടക്കം നാല് പേർക്ക് കിട്ടിയതായി വിജിലൻസ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി തിങ്കളാഴ്ച വിജിലൻസ് രേഖപ്പെടുത്തും. കൈക്കൂലിയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ മൊബൈൽ ഫോണുകൾ ശിവശങ്കറിന് പുറമെ, ജിത്തു, പ്രവീൺ, രാജീവൻ എന്നിവർക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. യുഎഇ ദിനത്തിന് സമ്മാനമായി ലഭിച്ച ഐ ഫോൺ അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ സർക്കാരിൽ നൽകി. പൊതുഭരണ സെക്രട്ടറിക്കാണ് ഫോൺ ഹാജരാക്കിയത്. രാജീവൻ ഫോൺ വാങ്ങിയ ചിത്രങ്ങൾ സഹിതം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.