സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്വർണക്കടത്ത് കേസ് എട്ട് ഏജൻസികൾ സംസ്ഥാനത്ത് അന്വേഷിക്കുന്നുണ്ട്. സിപിഎം നേതാക്കൾക്ക് സിബിഐ എന്ന് കേൾക്കുന്പോൾ ഇപ്പോൾ മുട്ടിടിക്കുകയാണെന്നും.അഴിമതിയിൽ പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ ഏതിർക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫയലുകളെ സർക്കാർ വിജിലൻസിനെ ഉപയോഗിച്ച് കടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. വിജിലൻസ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ എടുത്തുകൊണ്ടുപോയത് എന്തിന്? സെക്രട്ടറിയേറ്റ് അധോലോക കേന്ദ്രമാണോയെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണം നന്നായി പോകുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ പാർട്ടി അതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മയക്കുമരുന്ന് കേസിൽ സ്വന്തം മകനെ പ്രതിയാക്കും എന്ന് വന്നപ്പോഴാണ് പാർട്ടി സെക്രട്ടറി സിബിഐയ്‌ക്ക് എതിരായതെന്നും ചെന്നിത്തല പറഞ്ഞു.
