കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു. സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ ആണ് മരിച്ചത്. എ.ബി.വി.പി. പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീൻ. വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.
കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറിൽ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കിൽ പിന്തുടർന്ന സംഘം കാറിൽ ഇടിക്കുകയായിരുന്നു. കാർ നിർത്തി സലാഹുദ്ദീൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
2018 ജനുവരിയിൽ കണ്ണവത്തുവെച്ച് എ.ബി.വി.പി. പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. കേസിൽ ജാമ്യത്തിൽ കഴിയവേയാണ് സലാഹുദ്ദീനു നേരെ ആക്രമണമുണ്ടായത്.