സർക്കാരിന്റെ അപ്പീൽ തള്ളി: പെരിയ കേസ് സിബിഐയ്ക്ക്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിൾ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബർ 30-നാണ് സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്.
അപ്പീൽ ഹർജിയിൽ ഒൻപതുമാസം മുൻപേ വാദം പൂർത്തിയായതാണ്. മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ള അഭിഭാഷകരെയാണ് സർക്കാർ ഹൈക്കോടതിയിൽ വാദിക്കാനായി എത്തിച്ചത്. ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം ജാമ്യഹർജി നൽകിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ, ഡിവിഷൻ ബെഞ്ചിന്റെ വിധി വൈകുന്നതിനാൽ അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ. അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

