കേരളത്തിലെ മൂന്നര കോടി ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കുമെന്ന് ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മൂന്നര കോടി ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറി. രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. അഴിമതിയാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര. ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്‍റെ‌ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലാണ്. ഇടതു മുന്നണി യോഗം പോലും കൂടാന്‍ സാധിക്കുന്നില്ല. 

ഘടകക്ഷികള്‍ക്കു പോലും സര്‍ക്കാരിനെ വിശ്വാസമില്ല. സര്‍ക്കാരിനെതിരായ പ്രക്ഷോഭം യുഡിഎഫ് ശക്തിപ്പെടുത്തും. യുഡിഎഫ് "സ്പീക് അപ് കേരള' പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സിഎന്‍ജി അഴിമതികേസില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറായില്ല. ഡിജിപിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്താലുള്ള അഴിമതിയാണിതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഐടി വകുപ്പിലെ പിന്‍വാതില്‍ നിയമനവും മറ്റു കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. കണ്‍സള്‍ട്ടന്‍സി ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മതി. ഇത്തരം കണ്‍സള്‍ട്ടന്‍സികളെ തെരഞ്ഞെടുക്കുമ്പോൾ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ശബരിമല വിമാനത്താവളം യുഡിഎഫിന്‍റെ ആശയം ആണ്. 2017ലാണ് ശബരിമല വിമാനത്താവളത്തെക്കുറിച്ച് എൽഡിഎഫ് ആലോചിക്കുന്നത്. ന്യൂജേഴ്സി ആസ്ഥാനമായുള്ള ലൂയിസ് ബെര്‍ഗര്‍ എന്ന കമ്പനിയെയാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി തെരഞ്ഞെടുത്തത്. ‌ടെൻഡർ വിളിച്ചായിരുന്നു നടപടി. ഇതിനു വേണ്ടി മാത്രം 4.6 കോടി രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഈ കമ്പനി സ്ഥലത്ത് ഇതുവരെയും എത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി സര്‍ക്കാരിന്‍റേതാണെന്ന് ആര്‍ക്കും സംശയമില്ല. എന്നാല്‍ സര്‍ക്കാരിന് സംശയമാണ്. ധാരാളം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന കമ്പനിയാണ് ലൂയിസ് ബെര്‍ഗര്‍. അമേരിക്കന്‍ കോടതിയിലും വിവിധ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

You might also like

  • Straight Forward

Most Viewed