കോട്ടയത്തും മരണം; ഇന്ന് കേരളത്തിൽ നാല് കോവിഡ് മരണം
കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയത്താണ് മരണം റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജി(83)ന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 63 ആയി.
കോട്ടയത്ത് ഉൾപ്പെടെ ഇന്ന് നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറം, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് കൊവിഡ് രോഗികൾ മരിച്ചത്. മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തൃശൂർ ഇരിങ്ങാലക്കുടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് (72) ആണ് മരിച്ചത്. ഇദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വർഗീസിനെ ജൂലൈ 18നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വർഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറണാകുളത്ത് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.


