സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദ് ചെയ്തു
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു.
ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന നടപടി. പാസ്പോർട്ട് റദ്ദാക്കിയതോടെ ഫൈസൽ ഫരീദിന് യു.എ.ഇയിൽ പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടാകും. യു.എ.ഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും അടയും.

