നിയമസഭാ സ്പീക്കറെ നീക്കണം; എം. ഉമ്മർ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. ഭരണഘടനയുടെ 179ാം അനുച്ഛേദം (സി) ഖണ്ധികപ്രകാരം നിയമസഭ ചട്ടം 65 പ്രകാരമാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി വ്യക്തിപരമായ ബന്ധം നിയമസഭെ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജിൽ സ്വർണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും, സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീർത്തികരവും പവിത്രവുമായ നിയമസഭയുടെ അന്തഃസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് നോട്ടീസിൽ പറയുന്നു.

