കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നിരവധി യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ഗ്രനേഡും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്.
സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് ലാത്തിച്ചാർജുണ്ടായത്. എം.കെ. മുനീർ എംഎൽഎ സമരത്തിന്റെ ഉദ്ഘടാനം നിർവഹിച്ചതിനു പിന്നാലെയാണ് ഗ്രനേഡ് പ്രയോഗമുണ്ടായത്. പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്നും മുനീർ ആരോപിച്ചു. പതിനൊന്ന് ഗ്രനേഡുകളും മുന്ന് തവണ കണ്ണീർവാതകവും പോലീസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ചിന്റെ ഭാഗമായിരുന്നു കോഴിക്കോട്ടെ മാർച്ച്. അതേസമയം, യൂത്ത് ലീഗ് മാർച്ചിന് അനുമതിയുണ്ടായിരുന്നില്ലെന്നും ഇത് ലംഘിച്ചതിനാണ് പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റിയതെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

