താൻ നിരപരാധി, ഏത് അന്വേഷണത്തിനും തയ്യാർ’; മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ്
തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്. കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റംസിനോട് ഒന്നും പറയാനില്ലെന്നും സ്വപ്ന പറയുന്നു.
ഇന്നലെയാണ് അഭിഭാഷകൻ രാജേഷ് കുമാർ വഴി ഓൺലൈൻ ആയി സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന പറയുന്നു. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ കസ്റ്റംസിനോട് ഒന്നും പറയാനില്ല. കോൺസുലേറ്റ് നൽകിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും സ്വപ്ന പറഞ്ഞു.
തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം. താൻ കേസിൽ ആരോപണവിധേയമാത്രമാണ്. തനിക്കെതിരെ തെളിവില്ല. അതുകൊണ്ടുതന്നെ തന്റെ ചിത്രം പ്രചരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സ്വപ്ന പറയുന്നു.

