പാലക്കാട് 14 അതിഥി തൊഴിലാളികൾക്ക് കോവിഡ്
പാലക്കാട്: ജില്ലയിൽ ഇന്ന് രണ്ട് പിഞ്ച് കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗബാധയുണ്ടായി. കൂടാതെ ഒൻപത് പേർ രോഗമുക്തി നേടി. ഇന്ന് ജില്ലയിൽ സമ്പർക്ക രോഗികൾ ഇല്ലാത്തത് ആശ്വാസമായി. പശ്ചിമ ബംഗാളിൽനിന്നും വന്ന അതിഥി തൊഴിലാളികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 14 പേരും 20 നും 39 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവളത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു.
ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്. സൗദിയിൽനിന്നെത്തിയ 10 മാസം പ്രായമുള്ള ആൺകുട്ടിക്കും ചെന്നൈയിൽനിന്നെത്തിയ മൂന്നു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് വയസുകാരന്‍റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

