ആഘോഷമില്ലാതെ ഗൗരിയമ്മയ്ക്കിന്ന് 102ാം പിറന്നാള്‍


ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് 102 -ാം പിറന്നാള്‍. ഇന്ന് ആഘോഷങ്ങളില്ലാതെ. രാഷ്ട്രീയപരമായും ഭരണപരമായും തന്റേതായ വ്യക്തിത്വം കേരള രാഷ്ട്രീയത്തില്‍ എഴുതിചേര്‍ത്ത ഗൗരിയമ്മയുടെ ജന്മദിനം ജൂലൈ 14 ആണെങ്കിലും നാള്‍ പ്രകാരം ഇന്നാണ് പിറന്നാള്‍. 1919 മിഥുനമാസത്തിലെ തിരുവോണ നാളില്‍ ചേര്‍ത്തല പട്ടണക്കാട് ഗ്രാമത്തില്‍ കെ.എ. രാമന്റേയും പാര്‍വതിയുടേയും മകളായിട്ടാണ് കെ.ആര്‍ ഗൗരി പിറന്നത്. പിറന്നാൾ ആശംസകൾ നേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഫോൺ വിളിച്ചു. ആയുരാരോഗ്യസൗഖ്യം നേർന്നതിനൊപ്പം നേരിൽ കാണാന‍ുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ലെന്നും സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ തുടങ്ങിയവരും ഇന്നലെ ഫോണിൽ ഗൗരിയമ്മയ്ക്ക് ആശംസകൾ നേർന്നു.

കോവിഡ് മാനദണ്ഡപ്രകാരമുള്ള റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്നതിനാൽ ഗൗരിയമ്മയെ കാണാൻ സന്ദർശകരെ അനുവദിക്കുകയില്ല. അതിനാൽ ഇന്ന് പിറന്നാൾ ആഘോഷമില്ല. ഗൗരിയമ്മയുടെ പേരിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപായസം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു വിഭവങ്ങളൊന്നും പിറന്നാളിനുണ്ടാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed