ഇരു മുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നിൽക്കുമെന്ന് ജോസ് കെ മാണി
കോട്ടയം: ഇടതുമുന്നണിയിലേക്കെന്ന വാർത്തകളോട് പ്രതികരിച്ച് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് നിലവിലെ തീരുമാനം. അതുകൊണ്ട് കാനം രാജാന്ദ്രന് മറുപടി പറയേണ്ടതില്ല. കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാഗമായി യുപിഎയ്ക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് കെ മാണി ഇടതുമുന്നണിയിലേക്കെന്ന വ്യാഖ്യാനങ്ങളുയര്‍ന്നിരുന്നു. യുഡിഎഫിൽ ജോസ് പക്ഷം പുറത്തായ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള നീക്കം സിപിഎമ്മും നടത്തി. സിപിഐ ഉൾപ്പടെ എതിർപ്പ് അറിയിച്ചെങ്കിലും ജോസ് എത്തിയാൽ മധ്യതിരുവിതാകൂറിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.

