സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ ശുപാർശ
തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ആസിഫ് ഐ.എ.എസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി. ആസിഫിന്റെ ഒ.ബി.സി. സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിർദേശം. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ഐ.എ.എസ്. നേടിയതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പരീക്ഷ എഴുതുന്നതിന് തൊട്ടു മുന്പുള്ള മൂന്ന് സാന്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് ഒ.ബി.സി. സംവരണത്തിനുള്ള മാനദണ്ധം. എന്നാൽ മൂന്നു സാന്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞു.

